ചരിത്രത്തിലേക്ക് തിരികെനടക്കാന്‍ ആര്‍ക്കുമാവില്ല. തിരിഞ്ഞുനോക്കാനേ പറ്റൂ. ഓരോ തിരിഞ്ഞുനോട്ടവും നല്‍കുന്ന പാഠം മുന്നോട്ടുള്ള യാത്രയില്‍ വഴികാട്ടിയാവണം. വ്യക്തിജീവിതത്തിലെന്നപോലെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിലും തിരിഞ്ഞുനോട്ടത്തിനും അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും ഏറെ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് തിരികെപോവാനും ബോധപൂര്‍വമോ അല്ലാതെയോ ആരോ പണ്ടുചെയ്ത തെറ്റുകള്‍ ബലപ്രയോഗത്തിലൂടെ ഇപ്പോള്‍ തിരുത്താനും ശ്രമിക്കുന്നതിന് കൊടുക്കേണ്ടിവരുന്ന വില കനത്തതായിരിക്കും-രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ വിശേഷിച്ചും.
അയോധ്യാ പ്രക്ഷോഭവും അതിന്റെ അന്ത്യത്തില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതും നമ്മെ ഓര്‍മിപ്പിക്കുന്നത് അതാണ്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെക്കുറിച്ച് ഓര്‍ക്കുന്നത് ആ ചരിത്രം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കൂടിയാണെന്ന് അതിന്റെ തിക്തഫലം അനുഭവിച്ച ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അടിയന്തരാവസ്ഥയും കഴിഞ്ഞ് ഒരു വ്യാഴവട്ടത്തിനുശേഷം-രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ്- രാജ്യത്തെ ഇളക്കിമറിച്ച അയോധ്യാ പ്രക്ഷോഭത്തിന്റെ അമരക്കാരനായിരുന്നു അദ്വാനി. അദ്ദേഹത്തിന്റെ ആ വാക്കുകളുടെ വെളിച്ചത്തില്‍ തന്നെവേണം ഇപ്പോള്‍ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടത്-രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് തര്‍ക്കത്തിന്റെ കാതലായ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ കോടതിയുടെ ആദ്യവിധിവരുന്ന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും.
1992 ഡിസംബര്‍ ആറ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളില്‍ ഒന്നാണ്. അയോധ്യയില്‍ തടിച്ചുകൂടിയ കാര്‍സേവകര്‍ മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നു. തുടര്‍ന്ന് വ്യാപകമായുണ്ടായ കലാപത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചു.
ഹിന്ദു-മുസ്‌ലിം ബന്ധത്തില്‍, പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയത് രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് പ്രക്ഷോഭത്തിനുശേഷമാണ്. 1990-കളിലെ സംഭവങ്ങള്‍ക്കുശേഷം, വോട്ടവകാശമുള്ള പുതിയൊരു തലമുറതന്നെ വളര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഗ്രാമീണബന്ധത്തിന്റെ പൊട്ടിയ ഇഴകള്‍ പഴയതുപോലെ വിളക്കിച്ചേര്‍ക്കപ്പെട്ടിട്ടില്ല. മുറിവുകള്‍ ഇപ്പോഴും പൂര്‍ണമായും ഉണങ്ങിയെന്ന് പറയാനാവില്ല.
No comments:
Post a Comment