Pages

Sunday, March 6, 2011

ഹിന്ദു സമൂഹത്തിന്റെ ക്ഷമയെ പരീക്ഷിക്കരുതെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ സുപ്രീംകോടതി.

ഹിന്ദു സമൂഹത്തിന്റെ ക്ഷമയെ പരീക്ഷിക്കരുതെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ സുപ്രീംകോടതി.
ഹിന്ദുവ്യക്തിനിയമങ്ങളില്‍ ഇടയ്ക്കിടെ നടത്തുന്ന ഇടപെടലുകള്‍ മതേതരത്വത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ സംശയമുളവാക്കുന്നതാണെന്ന്‌ ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, എ.കെ.ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച്‌ നിരീക്ഷിച്ചു. പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വ്യത്യസ്ത കേന്ദ്രനിയമങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ വനിതാകമ്മീഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ മതേതരത്വ സമീപനത്തിലെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ചത്‌.

ഹിന്ദുസമൂഹത്തെ സംബന്ധിച്ച നിയമങ്ങളില്‍ അടിക്കടി പരിഷ്ക്കാരം വരുത്താന്‍ കാട്ടുന്ന വ്യഗ്രത ഇതര മതങ്ങളുടെ വ്യക്തിനിയമങ്ങളില്‍ പ്രകടിപ്പിക്കാത്തതെന്താണെന്ന്‌ കോടതി ചോദിച്ചു. അവസരം കിട്ടുമ്പോഴെല്ലാം ഹിന്ദുവ്യക്തിനിയമങ്ങളില്‍ പരിഷ്ക്കാരം വരുത്താനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.

തുടരെത്തുടരെയുള്ള ഇത്തരം ഇടപെടലുകളെ ആ സമൂഹം സഹിഷ്ണുതയോടെയാണ്‌ വീക്ഷിക്കുന്നത്‌. എന്നാല്‍ ഇത്തരമൊരു ഇടപെടലോ പരിഷ്ക്കരണ നടപടികളോ മറ്റുള്ളവരുടെ കാര്യത്തില്‍ കാണുന്നുമില്ല. ഇതര മതസമൂഹങ്ങളുടെ നിയമങ്ങളില്‍ ഇത്തരത്തിലുള്ള പരിഷ്ക്കരണശ്രമങ്ങള്‍ക്ക്‌ സര്‍ക്കാര്‍ മുതിരാത്തത്‌ അവരുടെ മതേതരത്വ നിലപാടിനെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഹിന്ദുവിവാഹ നിയമത്തില്‍ ഒട്ടേറെ വിടവുകളും പിഴവുകളുമുണ്ടെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിംഗിന്റെ വാദമാണ്‌ കോടതിയുടെ രൂക്ഷമായ പ്രതികരണത്തിനിടയാക്കിയത്‌.

ഏകീകൃത സിവില്‍കോഡ്‌ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍പ്പോലും സര്‍ക്കാര്‍ പരാജയമാണെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ഹിന്ദു വിവാഹനിയമത്തില്‍ പൂര്‍ണമായ ഒരു അഴിച്ചുപണി ഒഴിവാക്കി നിലവിലുള്ള ചെറിയ ചെറിയ അപാകതകള്‍ പരിഹരിക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ ധരിപ്പിച്ചു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച്‌ സര്‍ക്കാര്‍ നിയമങ്ങളിലെ വൈരുധ്യത്തിന്‌ പരിഹാരം കണ്ടെത്താന്‍ ദേശീയ വനിതാ കമ്മീഷന്റെ സഹകരണം കോടതി ആവശ്യപ്പെട്ടു. നിലവില്‍ ഹിന്ദു വിവാഹനിയമത്തിന്റെ വകുപ്പ്‌ അഞ്ച്‌ പ്രകാരം പെണ്‍കുട്ടിയുടെ വിവാഹപ്രായം 18 ആണ്‌. അതേസമയം ലൈംഗികപീഡനക്കേസുകളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ്‌ 375 നിര്‍ദേശിക്കുന്നത്‌ സ്വമേധയാ ലൈംഗികബന്ധത്തിന്‌ സമ്മതം നല്‍കുന്നതില്‍ ഒരു പെണ്‍കുട്ടിക്ക്‌ 16 വയസായിരിക്കണമെന്നാണ്‌. 1875 ലെ 'ഇന്ത്യന്‍ മെജോറിറ്റി ആക്ട്‌' പ്രകാരം പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നത്‌ 18 വയസ്‌ തികയുന്നതോടെയാണ്‌. 'ഇന്ത്യന്‍ കോണ്‍ട്രാക്ട്‌ ആക്ട്‌' പ്രകാരം ഒരാള്‍ക്ക്‌ കരാറില്‍ ഏര്‍പ്പെടുന്നതിന്‌ നിശ്ചയിച്ചിരിക്കുന്ന പ്രായപരിധിയും 18 തന്നെയാണ്‌.

വ്യത്യസ്ത നിയമങ്ങളിലെ യോജിപ്പില്ലായ്മകള്‍ ചൂണ്ടിക്കാട്ടിയ ഇന്ദിരാ ജയ്സിംഗ്‌ ഹിന്ദുനിയമം തന്നെയാണ്‌ മികച്ചതെന്ന്‌ കൂ്ടിച്ചേര്‍ത്തു. എല്ലാത്തരം അടിച്ചമര്‍ത്തലുകളില്‍നിന്ന്‌ രക്ഷപ്പെടാനുള്ള വഴിയും ഈ നിയമത്തില്‍ തന്നെയുണ്ടെന്ന്‌ അവര്‍ പറഞ്ഞു. വിവാഹനിയമത്തിലെ പരിഷ്ക്കരണം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്‌. ഇത്‌ സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ ലോ കമ്മീഷന്‍ ഓഫ്‌ ഇന്ത്യ പരിശോധിച്ചുവരികയാണെന്ന്‌ ജയ്സിംഗ്‌ കോടതിയെ അറിയിച്ചു.

പതിനാറ്‌ വയസില്‍ താഴെയുള്ള എല്ലാ വിവാഹങ്ങളും റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകളാണ്‌ പരിഗണനയിലുള്ളത്‌. 16നും 18നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടിയേയോ പെണ്‍കുട്ടിയേയോ പ്രേരണ ചെലുത്തി വിവാഹത്തിന്‌ പ്രേരിപ്പിക്കുന്നത്‌ വിലക്കാനും ശുപാര്‍ശയുണ്ട്‌.

അതേസമയം, ശൈശവ വിവാഹനിരോധന നിയമം, വിവാഹ നിയമം തുടങ്ങിയവയിലെ വൈരുദ്ധ്യങ്ങള്‍ കുട്ടികളുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്‌ വഴിയൊരുക്കുമെന്ന്‌ കോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ശൈശവ വിവാഹം വ്യാപകമാകുമ്പോള്‍ അത്‌ തടയേണ്ട ഉത്തരവാദിത്തം ആരുടേതാണെന്ന്‌ കോടതി കേന്ദ്രസര്‍ക്കാരിനോട്‌ ആരാഞ്ഞു. കുട്ടികളോ രക്ഷാകര്‍ത്താക്കളോ അതോ മറ്റ്‌ വല്ലവരുമാണോ ഈ ചുമതലകള്‍ നിര്‍വഹിക്കേണ്ടതെന്ന്‌ കോടതി അത്ഭുതം പ്രകടിപ്പിച്ചു.

തുടര്‍ന്ന്‌ ഒട്ടേറെ ചോദ്യങ്ങള്‍ക്ക്‌ വ്യക്തമായ ഉത്തരം ലഭിക്കാനുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയ കോടതി രണ്ടാഴ്ചക്കുശേഷം വീണ്ടും വാദം കേള്‍ക്കുന്നതിന്‌ കേസ്‌ മാറ്റിവെച്ചു.

No comments:

Post a Comment